Tuesday, February 22, 2011

oh my russia....

റഷ്യന്‍ കഥകളിലൂടെ ശ്രി ഗോപാല കൃഷ്ണന്‍, ഞാന്‍ ഉള്‍പെടുന്ന ഒരു തല മുറക്ക് നല്‍കിയ അക്ഷരങ്ങളുടെ വെളിച്ചം വിലമതിക്കാന്‍ ആവില്ല. മലയാളം മാത്രം വായിക്കാന്‍ കഴിഞ്ഞിരുന്ന എന്നെ പോലെ എത്രയോ കുട്ടികള്‍ക്ക് റഷ്യന്‍ സാഹിത്യ ത്തിന്റെ വാതില്‍ തുറന്നു തന്നത് അദ്ദേഹത്തിന്റെ വിവര്ത്തനങ്ങള്‍ ആണ്. ടോള്‍സ്റ്റോയി, മാക്‌സിം ഗോര്‍ക്കി എന്നിവരെ പ്രിയപെട്ടവരാകിയതും ഡോസ്റ്റൊയേവ്‌സ്‌കി എന്ന തീവ്ര അനുഭവം ഓര്‍മകളില്‍ വിഭ്രാന്തി പടര്തിയതും ആ തൂലികയുടെ സഹായത്തോടെ ആയിരുന്നു. മഞ്ഞു പെയ്യുന്ന saint petersburg, നിണമൊയുകിയ ലെനിന്ഗ്രാദ്, വോള്‍ഗ യുടെ രൂപാന്തരങ്ങള്‍.... റഷ്യ എനിക്ക് പ്രിയ പെട്ടതായി. മഞ്ഞു കാലം കാണാത്തവര്‍ക്ക് മഞ്ഞു കാലം അദ്ദേഹം നല്‍കി. നികിതായുടെ ബാല്യം, കടല്‍ തീരത്തെ ബാലന്‍..... പേര് ഓര്‍ക്കാന്‍ കഴിയാത്ത എത്രയോ കഥകള്‍... മനുഷ്യ സ്നേഹം പകരുന്ന റഷ്യന്‍ കഥകള്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് നഷ്ടമാകുമല്ലോ!!! ശാസ്ത്രത്തെ സ്നേഹിക്കുവാനും വിസ്മയത്തോടെ നോക്കുവാനും പഠിപ്പിച്ച fantasy കഥകള്‍..രസം പകരുന്ന കാര്‍ട്ടൂണുകള്‍.... യുദ്ധത്തിന്റെ ഭീകരത ഒര്മാപെടുത്തുന്ന അനുഭവ കഥകള്‍... കേരളത്തിന്റെ വായനയുടെ നിലവാരം ഉയര്‍ത്തുന്നതില്‍ ഇവക്കു വലിയ പങ്കുട്.
റഷ്യയുടെ തെരുവുകള്‍, വോദ്കയുടെ രൂക്ഷത, എല്ലാം നമ്മുക്ക് നല്‍കിയ ഗോപാല കൃഷ്ണന്‍ സാറിനു വിട.

ബിജു മോഹന്‍
...................................................................................................................................
വാളമീന്‍ കല്‌പിക്കുന്നു; ഞാന്‍ ഇച്ഛിക്കുന്നു
പി.കെ. രാജശേഖരന്‍

മലയാളക്കുട്ടികള്‍ക്ക് റഷ്യയിലെയും അന്നത്തെ സോവിയറ്റ് റിപ്പബ്ലിക്കുകളിലെയും ബാലസാഹിത്യത്തിന്റെ വസന്തമത്രയും പരിഭാഷയിലൂടെ കൊണ്ടുവന്ന് മാമ്പഴക്കാലം ഒരുക്കുകയായിരുന്നു ഓമന
അദ്ഭുതങ്ങളോ ആനന്ദങ്ങളോ വിരുന്നുവരാനില്ലായിരുന്ന കുട്ടിക്കാലത്ത് പുസ്തകങ്ങളുടെ രൂപത്തിലാണ് അവ വന്നത്; വളരെ ദൂരെ നിന്ന്. സോവിയറ്റ് യൂണിയനില്‍ അച്ചടിച്ചതെന്നു രേഖപ്പെടുത്തിയ അതിശയങ്ങളുടെ മഞ്ഞുവണ്ടികള്‍. അവയില്‍ അപരിചിതമായ പേരുകളും നാടുകളും രൂപങ്ങളുമുണ്ടായിരുന്നു. വി. സുത്യെവ്, വലന്തീന്‍ കതായെവ്, എം. ബുലാത്തൊവ്, യൂറിയ് ഒലേഷ... നിറങ്ങള്‍ വിശ്വരൂപം കാട്ടിയ ആ കഥാപുസ്തകങ്ങള്‍ സ്വപ്നം പോലുള്ള വിദൂര സ്ഥലങ്ങളെ തൊട്ടുനോക്കാവുന്ന ദൂരത്താക്കി എഴുപതുകളിലെയും എണ്‍പതുകളുടെ തുടക്കത്തിലെയും കുട്ടികളെ സ്വപ്നദര്‍ശികളും സമ്മോഹിതരുമാക്കിത്തീര്‍ത്തു.

'കുട്ടിക്കഥകളും ചിത്രങ്ങളും', 'മൂന്നു തടിയന്മാര്‍', 'വാളമീന്‍ കല്പിക്കുന്നു', 'മഴവില്‍പ്പൂ', 'വെളുത്ത കലമാന്‍', 'വെള്ളത്തിനു പോയ മൂഷികന്‍', 'കൊമ്പുള്ള ആട്ടിന്‍കുട്ടി', 'ബാലവാടിയിലേക്ക്'... അങ്ങനെ എത്രയോ പുസ്തകങ്ങള്‍. ഉജ്വലങ്ങളായ ചിത്രങ്ങളും കൊതിപ്പിക്കുന്ന കഥപറച്ചിലും ഉള്ളില്‍ പതിയുന്ന കൊച്ചു പാട്ടുകളുമായി സോവിയറ്റ് യൂണിയനില്‍ നിന്നു വന്ന് ബാല്യത്തെ വായനയുടെ വസന്തകാലമാക്കി മാറ്റിയ ആ വര്‍ണപ്പുസ്തകങ്ങളില്‍ മിക്കവയിലും 'പരിഭാഷ: ഓമന' എന്നു രേഖപ്പെടുത്തിയിരുന്നു. ഭാഷയും പരിഭാഷയും കുട്ടികളുടെ വിഷയമല്ലാതിരുന്നതിനാലും ആ പുസ്തകങ്ങളിലെ േമാഹലോകങ്ങളില്‍ അകപ്പെട്ടു പോയിരുന്നതിനാലും ഓമന ആരാണെന്നറിഞ്ഞിരുന്നില്ല. കാലം ബാല്യത്തില്‍ നിന്നു പുറത്താക്കിയപ്പോഴേക്കും മറ്റു പുസ്തകങ്ങളുടെ മോഹ ലോകങ്ങളിലേക്ക് അകപ്പെട്ടു കഴിഞ്ഞിരുന്നു. അപരിചിതമായ ഋതുകാലങ്ങള്‍ സൃഷ്ടിച്ച് ഭാവനയെ ഉണര്‍ത്തിയെടുത്ത ആ മഴവില്‍പ്പൂക്കളങ്ങളിലേക്കു തിരിച്ചുപോകാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ശ്രമിക്കുമ്പോള്‍ സോവിയറ്റ് യൂണിയന്‍ തിരോഭവിച്ചിരുന്നു. വിവര്‍ത്തകയായ ഓമനയും. നിറമൊട്ടും മങ്ങാതെ, അച്ചടി പഴയ ലിപിയിലായിട്ടു പോലും പുതു തലമുറക്കാരെയും കൊതിപ്പിച്ച് ആ പുസ്തകങ്ങള്‍ ഓമനത്തത്തോടെ ഇപ്പോഴും അലമാരയിലിരിക്കുന്നു.
മലയാളക്കുട്ടികള്‍ക്ക് റഷ്യയിലെയും അന്നത്തെ സോവിയറ്റ് റിപ്പബ്ലിക്കുകളിലെയും(ലിത്വാനിയ, ലാത്വിയ, കസാഖ്സ്ഥാന്‍, യുക്രൈന്‍...) ബാലസാഹിത്യത്തിന്റെ വസന്തമത്രയും പരിഭാഷയിലൂടെ കൊണ്ടുവന്ന് മാമ്പഴക്കാലമൊരുക്കുകയായിരുന്നു ഓമന.
റഷ്യന്‍ സാഹിത്യ കൃതികളും കമ്യൂണിസ്റ്റ് സൈദ്ധാന്തിക കൃതികളും മലയാളത്തിലാക്കിയ ഗോപാലകൃഷ്ണന്റെ പത്‌നി. നമ്മുടെ ബാലസാഹിത്യ ചരിത്രങ്ങളില്‍ ഓമനയുടെ പേരു കാണാന്‍ വിഷമമാണ്. ഓമന വിവര്‍ത്തനം ചെയ്ത് സോവിയറ്റ് യൂണിയന്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ അവരുടെ ജീചരിത്ര സൂചകമായി ഒന്നുമില്ല. ഒന്നുമില്ലെങ്കിലും കഥപറഞ്ഞുതന്ന അമ്മയുടെ മറ്റൊരു രൂപമായി ഓമനയെ ഓര്‍ക്കുന്ന ഒരുപാടു പേരുണ്ടാവും ഇപ്പോഴും. മധ്യവയസ്സിലേക്കു കാല്‍ നീട്ടുന്ന അവര്‍ക്ക് മധുരോദാരമായ ഒരു പാരായണസ്മൃതിയാണ് 'മൂന്നു തടിയന്മാരും' 'വെള്ളത്തിനു പോയ മൂഷികനു'മെല്ലാം.
ആ ലിത്വാനിയന്‍ നാടോടിപ്പാട്ട് ഇപ്പോഴും മനസ്സിലിരുന്ന് ഒരു പറങ്കിമാങ്ങക്കാലം ഓര്‍മിപ്പിക്കുന്നു:
മാവു കുഴച്ചൂ, വെള്ളത്തിന്നായ്
മൂഷികനവനെ ദൂരെയയച്ചു
വെള്ളമെടുക്കാന്‍ മൂഷികവീരന്‍
പാലത്തിന്മേല്‍ക്കൂടി നടന്നു
പെട്ടെന്നവെനാരു കൂറ്റന്‍ ചെന്നാ-
യോടിവരുന്നതു കണ്ടു വിരണ്ടു...
'വാളമീന്‍ കല്പിക്കുന്നു'വിലെ യെമേല്യ ഇങ്ങനെ ആജ്ഞാപിച്ചു: ''വാളമീന്‍ കല്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു. തൊട്ടികളേ നിങ്ങള്‍ വെള്ളംനിറച്ച് വീട്ടിലേക്കു പോവുക. തത്ക്ഷണം തൊട്ടികള്‍ സ്വയം വെള്ളം നിറച്ച് രണ്ടു താറാവുകളെപ്പോലെ കുണുങ്ങിക്കുണുങ്ങി കുന്നുകയറി വീട്ടിലേക്കു പോയി.'' ഏതാഗ്രഹവും സാധിപ്പിച്ചുതരുന്ന മഴവില്‍പ്പൂവിന്റെ ഒരിതള്‍ നുള്ളിയെടുത്ത് ഇങ്ങനെ പാടിയാല്‍ മതി:
പൂവിതളേ പാറിപ്പോകൂ
കിഴക്കുനിന്ന് പടിഞ്ഞാട്ട്
വടക്കുനിന്നും തെക്കോട്ടേക്കും
അവിടന്നുടനേ താഴോട്ടും
പറന്നു വന്നാത്തറയില്‍ മുട്ടി
ആശിച്ചതു നീ നിറവേറ്റൂ.
കുട്ടികള്‍ക്കു വേണ്ടിയുള്ള ചിത്രമെഴുത്തിന്റെയും കഥപറച്ചിലിന്റെയും അസാധാരണ മാതൃകകളാണ് സോവിയറ്റ് ബാലകൃതികള്‍ ഏതാനും ദശകം മുമ്പ് സൃഷ്ടിച്ചത്. ഓമനയുടെ തെളിമലയാളം അവയിലൂടെ മലയാളത്തിലെ ബാലസാഹിത്യത്തില്‍ അപരിചിതമായ ഒരു അനുഭവലോകം തുറന്നു. പക്ഷേ നാം എന്താണു തിരിച്ചു നല്കിയത്?
--

2 comments:

Rajaram Vasudevan said...

Truely nostalgic..... Do you have these books with you??

If so kindly scan and share!! I have started a googlegroups for this purpose

All the best
rajaramvasudev@gmail.com

Rajaram Vasudevan said...

I have some Ebooks with me